ഇടുക്കി: ചെറുതോണി ടൗണിൽ ലോഡുമായി എത്തിയ ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു. ചെറുതോണി തീയറ്റർപ്പടിയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഇടുക്കി പാറേമാവ് സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പൈനാവിൽ നിന്ന് ഇറക്കം ഇറങ്ങി വന്ന ലോറി നിയന്ത്രണം നഷ്‌ടപ്പെട്ട് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് ഓട്ടോറിക്ഷകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും മറ്റൊരു ഓട്ടോറിക്ഷ ഭാഗികമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
