അങ്കമാലി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ പിന്നിൽ വന്ന കാറിടിച്ച് റോഡിൽ തെറിച്ചു വീണ വീട്ടമ്മ മരിച്ചു. ഭർത്താവ് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. അങ്കമാലി കറുകുറ്റി പന്തക്കൽ മരങ്ങാടം പൈനാടത്ത് വീട്ടിൽ തൊമ്മൻ ജോൺസന്റെ ഭാര്യ റീത്തയാണ് (50) മരിച്ചത്. കാലിന് സാരമായി പരുക്കേറ്റ ജോൺസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.15ഓടെ കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിനു സമീപമായിരുന്നു അപകടം. റീത്തയുടെ വീട്ടിൽ പോയി ജോൺസന്റെ
മരങ്ങാടത്തുള്ള വീട്ടിലേക്ക് പോകാൻ അഡ്ലക്സിന് സമീപത്തെ സർവിസ് റോഡിലൂടെ വന്ന സ്കൂട്ടർ യു ടേണിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു പിന്നിൽ അമിത വേഗത്തിൽ ചാലക്കുടി ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഇരുവരും മീഡിയനിൽ തെറിച്ച് വീണെങ്കിലും റീത്തയുടെ തല തകർന്ന് ചോര വാർന്നൊഴുകി. ഇരുവരെയും ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും റീത്ത മരിച്ചു. പാറക്കടവ് മാമ്പ്ര ചെമ്പൻ കുടുംബാംഗം പൗലോസിന്റെ മകളാണ് റീത്ത. മക്കൾ: അനില (നഴ്സ്, അപ്പോളോ ആശുപത്രി, അങ്കമാലി), ജിയ. സംസ്കാരം പിന്നീട്.
