മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

 


കൊച്ചി: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.

ശനിയാഴ്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. 2 ആഴ്ച മുൻപാണ് മൊസാംബിക്കിൽ ബോട്ടപകടമുണ്ടായത്.


മലയാളികളായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.


പിറവം വെളിയനാട്ടെ വീട്ടിൽ നിന്ന് അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത് എന്ന ഇരുപത്തിരണ്ടുകാരൻ മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താൻ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്‌തിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കിൽ കപ്പൽ ജീവനക്കാരനാണ്.

നാലു വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തിൽപ്പെട്ട രണ്ടാമത്തെ മലയാളി. ശ്രീരാഗും അടുത്തിടെയാണ് വീട്ടിൽ നിന്ന് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.

ഇന്ത്യൻ ഹൈക്കമ്മീഷനുമായി ജനപ്രതിനിധികളടക്കമുളളവർ ബന്ധപ്പെടുന്നുണ്ട്. ബന്ധുക്കളുമായുളള ആശയവിനിമയത്തിന് ഹൈക്കമ്മീഷനിൽ പ്രത്യേക ഹെൽപ് ലൈൻ നമ്പരുകളക്കം പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്.


അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post