സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം, 6 പേർ മരിച്ചു, 28 പേർക്ക് പരിക്ക്

 


തമിഴ്നാട് തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് പേരും സ്ത്രീകളാണ്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പൊലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Post a Comment

Previous Post Next Post