പിക്കപ്പ് വാഹനവും പെട്രോളുമായി പോയ ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.. ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും മകനും തീരാനോവ്



മലപ്പുറം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം മമ്പാട് മേപ്പാടം സ്വദേശി അഫ്സല്‍ (32) ആണ് മരിച്ചത്. അഫ്‌സൽ ഓടിച്ച പിക്കപ്പ് വാഹനം പെട്രോളുമായി പോയ ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചെറുതുരുത്തി ചുങ്കത്ത് വച്ച് ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനത്തിൻ്റെ മുൻവശം തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ അഫ്‌സലിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. ഏഴ് മാസം ഗർഭിണിയായ ഭാര്യ ലിയക്കും നാല് വയസുകാരനായ ഏദന്‍ യസാക്കിനും തീരാനോവായി മാറിയിരിക്കുകയാണ് അഫ്‌സലിൻ്റെ അകാല വിയോഗം

സിമന്റ് മൊത്ത വ്യാപാരിയായിരുന്നു അഫ്‌സൽ. ഈയടുത്താണ് ഇദ്ദേഹം പിക്കപ്പ് ഡ്രൈവർ ജോലിയിലേക്ക് മാറിയത്. കഴിഞ്ഞ ദിവസം ഫർണിച്ചർ ലോഡുമായി തിരുവനന്തപുരത്തേക്ക് വന്നതായിരുന്നു ഇദ്ദേഹം. ഭാര്യയെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകേണ്ടതിനാൽ ലോഡിറക്കി നേരത്തെ തന്നെ മടങ്ങി. തിരികെ വരും വഴിയാണ് അപകടമുണ്ടായത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല 

മേപ്പാടം ബ്രദേർസ് ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബിൻ്റെ സജീവ പ്രവർത്തകനായിരുന്നു മരിച്ച അഫ്‌സൽ. നാട്ടുകാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന സാമൂഹ്യപ്രവർത്തകനുമായിരുന്നു. നൗഷാദ് അലി, സുല്‍ഫിക്കര്‍ (ജിസാന്‍) നജീബ് (കുവൈത്ത്), ജാസ്മിന്‍ (ഓടായിക്കല്‍), ലൈല (മരത്താണി), നൂര്‍ജഹാന്‍, ബുഷ്‌റ (മഞ്ചേരി) മുഫീദ (ചമ്പക്കുത്ത്), ജെസ്‌ന എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം മേപ്പാടം കോട്ടക്കുന്ന് ഖബര്‍സ്ഥാനില്‍ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.

Post a Comment

Previous Post Next Post