നിയന്ത്രണം വിട്ട ഥാർ ഇടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരനും റോഡിലൂടെ നടന്നു വരികയായിരുന്ന വിദ്യാർഥിക്കും പരിക്ക്

 


തിരുവനന്തപുരം പാപ്പനംകോട് നിയന്ത്രണം വിട്ട ഥാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. സ്‌കൂട്ടർ യാത്രക്കാരനും വിദ്യാർഥിക്കും പരിക്കേറ്റു. സാരമായ പരിക്കുകൾ മാത്രമാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഥാറിന്റെ ഡ്രൈവർ ഉറങ്ങിപോയതാണെന്നാണ് നാട്ടുകാർ പറയുന്നത്.


മലയിൻകീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഥാർ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിലും റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയേയും ഇടിക്കുകയായിരുന്നു. ശേഷം റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തിൽ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു. അപകടത്തിൽ പരിക്കേറ്റതോടെ ട്യൂഷൻ കഴിഞ്ഞ് സത്യൻനഗറിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ജിഷ്ണു (12) വിനെയും പൂഴിക്കുന്ന് മടവിള സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മലയിൻകീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ജീപ്പിനടിയിൽപ്പെട്ട സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക്ക് പോസ്റ്റും ഒടിഞ്ഞു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നേമം പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post