ബേബി മെമ്മോറിയൽ ആശുപത്രി തീപടര്‍ന്നത് എസി ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെ, തീ നിയന്ത്രണവിധേയം, ബേബി മെമ്മോറിയൽ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണതോതിൽ പുനരാരംഭിച്ചു



കോഴിക്കോട്  കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒമ്പതാം നിലയക്ക് മുകളിലുള്ള ടെറസിൽ എസി ചില്ലര്‍ ഇൻസ്റ്റലേഷൻ നടക്കുന്നതിനിടെയാണ് തീപടര്‍ന്നതെന്നും ഉടൻ തന്നെ ജീവനക്കാര്‍ തീയണച്ചെന്നും ആശുപത്രി എജിഎംപിആര്‍ സലിൽ ശങ്കര്‍ അറിയിച്ചു. ടെറസിന്‍റെ ഭാഗത്ത് എസിയുടെ ഭാഗങ്ങള്‍ വെച്ച സ്ഥലത്ത് നിന്നാണ് തീപടര്‍ന്നത്. ഫയർ ഫോഴ്സ് എത്തും മുമ്പേ തീ അണച്ചിരുന്നുവെന്നും രോഗികൾക്ക് ഒന്നും പ്രശ്നം ഉണ്ടായിട്ടില്ലെന്നും സലിൽ ശങ്കര്‍ പറഞ്ഞു. ആശുപത്രി പ്രവർത്തനം പൂർണതോതിൽ പുനരാരംഭിച്ചു. മുൻ കരുതൽ എന്ന നിലയിലാണ് ആളുകളെ ഒഴിപ്പിച്ചത്. നിയമ പ്രകാരമാണ് എസി ഭാഗങ്ങൾ സ്ഥാപിച്ചിരിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.


വലിയ രീതിയിലുള്ള തീപിടിത്തമാണ് ആശുപത്രിയിലുണ്ടായത്. ഒമ്പതാം നിലയിൽ നിന്ന് വലിയരീതിയിൽ തീയും പുകയും ഉയരുന്ന ദൃശ്യങ്ങളടക്കം പുറത്തവന്നിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തത്തെതുടര്‍ന്ന് അഞ്ചു ഫയര്‍യൂണിറ്റുകള്‍ ആശുപത്രിയിലെത്തിയിരുന്നു. നിലവിൽ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രോഗികളെ മുഴുവനായും ആശുപത്രിയിലേക്ക് തിരിച്ചുകയറ്റിയിട്ടുണ്ട്. രോഗികള്‍ ഇല്ലാത്ത ഭാഗത്താണ് തീപടര്‍ന്നത്. തീപിടിത്തതെതുടര്‍ന്ന് പുറത്തുണ്ടായിരുന്ന ജീവനക്കാരെയും ഡോക്ടര്‍മാരെയും അകത്തേക്ക് കയറ്റി. ആളപായമില്ലെന്നും തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയെന്നും എംകെ രാഘവൻ എംപിയും പ്രതികരിച്ചു. ആര്‍ക്കും പരിക്കില്ലെന്നും ആശങ്കയില്ലെന്നും എംകെ രാഘവൻ പറഞ്ഞു. 


അതേസമയം, തീപിടിത്തതെതുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുമായി സംസാരിച്ചു.രോഗികൾ സുരക്ഷിതരെന്ന് ആശുപത്രി അധികൃതർ മന്ത്രിയെ അറിയിച്ചു. രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ഐസിയു, വെൻ്റിലേറ്റർ ഒരുക്കാനുള്ള നിർദേശവും മന്ത്രി നൽകി. തീപിടിച്ച കെട്ടിടത്തിന്‍റെ എട്ടാനിലയിലടക്കം രോഗികളുണ്ടായിരുന്നു. ജീവനക്കാര്‍ക്കൊപ്പം ഈ നിലയിൽ രോഗികള്‍ക്കൊപ്പമുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായിരുന്നു. എത്രയും വേഗം രോഗികളെ മാറ്റിയതും തീ പെട്ടെന്ന് അണച്ചതുമാണ് വലിയ അപകടമൊഴിവാക്കിയത്.

Post a Comment

Previous Post Next Post