തെരുവുനായ കാറിന് മുന്നിലേക്ക് ചാടി നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ സ്ഥാനാർത്ഥികൾക്ക് പരിക്ക് …

 


തിരുവനന്തപുരം: തെരുവുനായ കാറിന് മുന്നിലേക്ക് ചാടിയതോടെ വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ സ്ഥാനാർത്ഥികൾക്ക് പരിക്ക്. ജില്ലാ പഞ്ചായത്ത് പാറശാല ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി കൊറ്റാമം വിനോദും ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി നിർമ്മല കുമാരിയും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.


ഉദിയൻകുളങ്ങര കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കൊച്ചോട്ടുകോണത്തു വച്ചാണ് അപകടമുണ്ടായത്. സ്ഥാനാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലേയ്ക്ക് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബ്രേക്കിട്ടപ്പോൾ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നു.


ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനത്തിന്‍റെ മുൻഭാഗം തകർന്നു. വിനോദ് തന്നെയാണ് കാർ ഓടിച്ചിരുന്നത്. മറ്റൊരു കാറിലുണ്ടായിരുന്ന സഹപ്രവർത്തകരാണ് ഇരുവരെയും പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിനോദിന്‍റെ കാലിൽ പൊട്ടലും കൈയ്യിൽ പരുക്കും ഉണ്ട്. നിർമ്മല കുമാരിക്ക് നിസാര പരുക്കുകൾ മാത്രമാണുണ്ടായത്. കൈകാലുകളിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ സാമൂഹ്യ മാധ്യമങ്ങളിലും വോട്ടർമാരെ ഫോണിൽ വിളിച്ചും വോട്ടുറപ്പിക്കുകയാണ് വിനോദും സംഘവും. തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ ഉൾപ്പെടെ നേതാക്കൾ പാറശാല താലൂക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചു

Post a Comment

Previous Post Next Post