മലപ്പുറം: മലപ്പുറം പാണായി പെരിമ്പലത്ത് കിണറിൽ വീണ യുവതിക്ക് രക്ഷകരായി മലപ്പുറം അഗ്നി രക്ഷ സേന.ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് പെരിമ്പലം കരിമ്പൻ വീട്ടിൽ ശകീറിന്റെ ഭാര്യ റസീന (36) യാണ് അബദ്ധത്തിൽ വീടിനു സമീപത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറിൽ വീണത്. നാല്പത് അടിയോളം താഴ്ചയുള്ള കിണറിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു.കിണറിൽ വീണതറിഞ്ഞ ഉടനെ ഓടിക്കൂടിയ ഭർത്താവും മറ്റു രണ്ടു പേരും കിണറിൽ ഇറങ്ങി യുവതിയെ വലയിൽ മുകളിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ മലപ്പുറം അഗ്നി രക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സി മുഹമ്മദ് ഫാരിസ്, അബ്ദുൽ ജബ്ബാർ, അബ്ദുള്ള, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി പി നിഷാദ് , ഹോം ഗാർഡ് , പി രാജേഷ്,സിവിൽ ഡിഫെൻസ് അംഗം ലബീബ് തുടങ്ങിയവർ ചേർന്ന് റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ യുവതിയെയും മറ്റുള്ളവരെയും വലിച്ചു മുകളിൽ കയറ്റി.അവശയായ യുവതിയെ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
