കോട്ടയം പൊൻകുന്നം :ശബരിമല തീർഥാടകരുമായി അമിതവേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ്സ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസ്സിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി അപകടം. പൊൻകുന്നം ഒന്നാം മൈലിൽ രണ്ടാമത്തെ തച്ചാപ്പുഴ റോഡിനു മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.
റോഡ് സൈഡിൽ നിർത്തി കുട്ടിയെ കയറ്റുന്നതിനിടെയാണ് സ്കൂൾ ബസ്സിൻ്റെ പിന്നിലേക്ക് അമിതവേഗതയിൽ പാലാ ഭാഗത്തുനിന്നും വന്ന ടൂറിസ്റ്റ് ബസ്സ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ബസ്സ് റോഡിൻ്റെ മറുവശത്തുള്ള കടയുടെ ഷട്ടർ തകർത്ത് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്താണ് ഈ ബസ്സ് വന്നിരുന്നതെന്ന് പിന്നാലെയെത്തിയ നിരവധി വാഹനയാത്രക്കാർ പറഞ്ഞു.
സംഭവത്തിൽ സ്കൂൾ ബസ്സിലുണ്ടായിരുന്ന ആറോളം കുട്ടികൾക്കും ടൂറിസ്റ്റ് ബസ്സിലെ തീർഥാടകർക്കും നിസ്സാര പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസുകൾ എത്തിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അപകടവിവരമറിഞ്ഞ് പൊൻകുന്നം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കൂടാതെ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു. തീർഥാടനകാലത്ത് ഈ റൂട്ടിലൂടെയുള്ള അയ്യപ്പൻമാരുടെ വാഹനങ്ങളുടെ അമിതവേഗത പതിവായതിനാൽ, ഇത് നിയന്ത്രിക്കുന്നതിനായി പോലീസ് പരിശോധന ശക്തമാക്കണം എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
