പാലക്കാടുണ്ടായ വാഹനാപകടത്തിൽ കോൺട്രാക്ടർക്ക് ദാരുണാന്ത്യം. റോഡിൽ പശുവിനെ കണ്ട് വാഹനം വെട്ടിച്ചതിനെത്തുടർന്ന് കാർ മൺതിട്ടയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ചെർപ്പുളശ്ശേരി, നിരപറമ്പിൽ കോന്തത്തൊടി വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുറഹിമാനാണ് (56) മരിച്ചത്. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് അതിനെ ഇടിക്കാതിരിക്കാനായി അബ്ദുറഹിമാൻ വാഹനം വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്‌ടമായ വാഹനം സമീപത്തുണ്ടായിരുന്ന മൺതിട്ടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ചെർപ്പുളശ്ശേരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
