കാസർകോട്: കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. 12 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചു. കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായരുന്ന കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപെട്ടത്. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനകത്താണ് അപകടം. കണ്ണൂരിൽ നിന്നും വന്ന ബസ്, സ്റ്റാൻഡിൽ നിന്നും പയ്യന്നൂരിലേക്ക് യാത്ര തിരിച്ച ബസിന്റെ വശത്ത് ഇടിക്കുകയായിരുന്നു. വനിതാകണ്ടക്ടർ, ഡ്രൈവർ ഉൾപെടെയുള്ളവർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
