അബുദാബി: വാഹനാപകടത്തിൽ വടകര സ്വദേശിനിയുടെ മൂന്ന് കുട്ടികളും ആയയുമടക്കം നാലുപേർക്ക് ദാരുണാന്ത്യം.
വടകര ഒഞ്ചിയം നെല്ലാച്ചേരി എടത്തിൽ മീത്തൽ റുഖ്സാന - മലപ്പുറം കീഴ്‌ശേരി സ്വദേശികൊണ്ടോട്ടി പുളിയക്കോട് അബ്ദുൾ ലത്തീഫ് ദമ്പതികളുടെ മക്കളായ അഷാസ് (15) അമ്മാർ (13), ആയിഷ ലത്തീഫ് (5), ഇവരുടെ ആയ മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചതെന്നാണ് വിവരം. അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അബ്ദുൽലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
ശനിയാഴ്‌ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടമുണ്ടായത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിൽ തന്നെ കബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

