ചങ്ങനാശേരി: അജ്ഞാത വാഹനം ഇടിച്ച് ചികിത്സയിലിരുന്നയാള് അന്തരിച്ചു. മുന് പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന പായിപ്പാട് തുരുത്തിക്കടവില് മമ്ബള്ളിയില് കെ.ജി വിജയപ്പനാണ് (63)മരിച്ചത്.
കഴിഞ്ഞ 22 ന് പുലര്ച്ചെ പ്രഭാതസവാരിക്കിടയില് പായിപ്പാട് ക്ഷേത്രത്തിന് സമീപം വാഹനം ഇടിച്ചാണ് അപകടത്തില്പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് കിടന്ന വിജയപ്പനെ വഴിയാത്രക്കാരാണ് ചങ്ങനാശേരി ജനറല് ആശുപത്രിയില് എത്തിച്ചത്.
പിന്നീട് കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
ജനപ്രതിനിധി എന്ന നിലയിലും സിപിഐ പാര്ട്ടി ഭാരവാഹി എന്ന നിലയിലും അദ്ദേഹം നല്കിയ സേവനങ്ങള് സ്മരണീയമാണ്. പായിപ്പാട് ദേവരുനട ക്ഷേത്രം പ്രസിഡന്റ്, അഖില കേരള അയ്യപ്പസംഘം പായിപ്പാട് പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിലും പ്രവര്ത്തിച്ചുവരികയായിരുന്നു.
സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്. ഭാര്യ: മണിയമ്മ. മക്കള്: മനീഷ്, മഞ്ജുഷ. മരുമക്കള്: ജയശ്രീ, സജീവ്
