ചെങ്ങന്നൂർ :ഗുജറാത്തിൽ വാഹനാപകടം. മലയാളി അധ്യാപിക മരിച്ചു . ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത് . ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം
നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു
ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്മാരക് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മാണ്ഡവി ഗവൺമെൻ്റ് ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ ഔദ്യോഗിക ശുശ്രൂഷകളോടെ സംസ്‌കാരം നടക്കും. സംസ്കാര സമയം പിന്നീട് അറിയിക്കുന്നതാണ്.
നാസിക്കിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ അധ്യാപികയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു ബിൻസി. പാണ്ടനാട് മേടയിൽ ടൈറ്റസിന്റെയും പരേതയായ പൊന്നമ്മയുടെയും മകളാണ് ബിൻസി. ഭർത്താവ് റോബിൻ പള്ളിപ്പാട് സ്വദേശിയാണ്. ഏക മകനൊപ്പം നാസിക്കിലായിരുന്നു ബിൻസിയും കുടുംബവും താമസിച്ചിരുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന ബിൻസൺ ഏക സഹോദരനാണ്.
