മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ അപകടം; ഷോർട്ട് സർക്യൂട്ട് കാരണം മുറിയ്ക്ക് തീപിടിച്ചു

 


കാസർകോട് ഭഗവതീ നഗറിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം മുറിക്ക് തീപിടിച്ച് അപകടം. കാസർകോട് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ വീട്ടിലെ മുറിയാണ് കത്തിനശിച്ചത്. ഓടിട്ട വീട്ടിലെ കിടപ്പുമുറിയിലാണ് തീ പിടിച്ചത്. തീ പടരുന്നതായി വീട്ടുകാർ കാണുകയും ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിൻറെറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.


തീപിടിത്തത്തിൽ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടിൽ കിടക്ക, മറ്റ് സാധന സാമഗ്രികൾ, റൂമിൻറെ സീലിംഗ്, തുടങ്ങിയ സാധനങ്ങളെല്ലാം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീ മറ്റ് മുറികളിലേക്ക് പടരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്ന വീട്ടിൽ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസിക്കുന്നത്. അപകടത്തിൽ അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. ഇ പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ. ബി. ജിജോ, ഏ രാജേന്ദ്രൻ തുടങ്ങിയവർ ഉൾപ്പെട്ട ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post