തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിൽ നിന്നും 30 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞ് അപകടം. ഡ്രൈവറെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി വിജിനെ (33) യാണ് വിഴിഞ്ഞം ഫയർ ഫോഴ്സ് എത്തി സീറ്റ് മുറിച്ച് രക്ഷപ്പെടുത്തിയത്.
പുലർച്ച അഞ്ചോടെയായിരുന്നു അപകടം. ബൈപ്പാസ് റോഡിലെ പയറുംമൂടിനും തെങ്കവിളയ്ക്കും ഇടയ്ക്കാണ് അപകടം നടന്നത്.
മുതലപ്പൊഴിയിൽ കരിങ്കല്ല് ലോഡ് ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു ലോറി. പുലർച്ചെയായതിനാൽ സർവീസ് റോഡിലും ബൈപ്പാസിലും മറ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് കരുതുന്നതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ബൈപ്പാസിൻറെ വശങ്ങളിലെ ബാരിക്കേഡ് തകർത്താണ് ലോറി 30 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്
ശബ്ദം കേട്ടെത്തിയ നാട്ടുകാർ ആദ്യം ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വഴിയാത്രക്കാരൻ അറിയിച്ചതനുസരിച്ച് ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി.
ഡ്രൈവറെ പുറത്തെടുത്ത് ആംബുലൻസിൽ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോയി. ഈ സമയം വണ്ടിയിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നത് ആശങ്ക സൃഷ്ടിച്ചു. തീപിടിത്തം ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഫയർ ഫോഴ്സ് മടങ്ങിയത്.
