ലേബർ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്ര നയമങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
പണിമുടക്കിന് ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അധ്യാപക - വിദ്യാർഥി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകും. ഇതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാനാണ് സാധ്യത. കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്.
തൊഴിലുകൾ നിർത്തിവച്ചും കടകമ്പോളങ്ങൾ അടച്ചും യാത്രകൾ ഒഴിവാക്കിയും വാഹനങ്ങൾ റോഡിലിറക്കാതെയും എല്ലാവരും സഹകരിക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകർക്ക് പുറമെ കേന്ദ്ര - സംസ്ഥാന ജീവനക്കാരും, ഇൻഷുറൻസ്, പ്രതിരോധ ജീവനക്കാരും വിവിധ ഫെഡറേഷനുകളും മഹിളാ - യുവജന - വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പണിമുടക്കിന് മുന്നോടിയായി തൊഴിലുടമകൾക്ക് ട്രേഡ് യൂണിയനുകൾ നോട്ടീസ് നൽകിയിട്ടുണ്ട്.
