ട്രാഫിക് നിയമം തെറ്റിച്ച ലോറി ഇടിച്ചുകയറി; കളമശേരിയിൽ വൈറലായ ബസ് സ്റ്റോപ്പിൻ്റെ ഗ്ലാസ് ഫ്രെയിം തകർന്നു



കളമശ്ശേരി എച്ച്.എം.ടി കവലയിൽ സൂപ്പർ സ്റ്റാർ പദവിയോടെ തലയുയർത്തി നിന്ന ശീതീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. എച്ച്.എം.ടി ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സുമായി വന്ന ലോറി ട്രാഫിക് നിയമം തെറ്റിച്ച് തിരിച്ചപ്പോഴാണ് അപകടം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഗ്ലാസ് ഭിത്തിയുടെ ഫ്രെയിം തകർന്നു. ഇതിനി പുനർനിർമിക്കേണ്ടി വരും.


കവലയിൽ നിന്നും അനുവദനീയമല്ലാത്ത വലത് ഭാഗത്തേക്ക് ലോറി തിരിച്ചപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻ ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിക്കുകയായിരുന്നു. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കാത്തിരുപ്പ് കേന്ദ്രമായിരുന്നു ഇത്. മൊബൈൽ ചാർജിംഗ് പോയിന്റുകളും വൈഫൈ സൗകര്യവും പോലീസ് സ്റ്റേഷനിലേക്ക് 24×7 ഓൺലൈൻ ആക്സസ്സുളള സി.സി.ടി.വി ക്യാമറകളും മ്യൂസിക് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എന്നും നിരവധി ആളുകളാണ് ഈ കാത്തിരിപ്പ് കേന്ദ്രം വിനിയോഗിക്കുന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി രാജീവിൻ്റെ ശ്രമഫലമായി നിപ്പോൺ ടൊയോട്ട കമ്പനിയാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.

Post a Comment

Previous Post Next Post