കൊച്ചി: വോട്ടർ പട്ടിക പുതുക്കലുമായി (SIR) ബന്ധപ്പെട്ട അമിത ജോലി സമ്മർദ്ദം മൂലം എറണാകുളം പറവൂരിൽ ബിഎൽഒ ജീവനൊടുക്കി.
മൂത്തക്കുന്നം എസ്.എൻ.എം കോളേജിലെ ക്ലർക്കും ബിഎൽഒയുമായ ഷിജി (49) ആണ് മരിച്ചത്.
ജോലിഭാരത്തെക്കുറിച്ച് കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ച ശേഷമാണ് ഷിജി ജീവനൊടുക്കിയത്.
എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഫയലുകൾ മടങ്ങി വന്നതാണ് ഷിജിയെ മാനസികമായി തളർത്തിയതെന്ന് സഹപ്രവർത്തകർ പറയുന്നു.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രത്യേക തീവ്രപരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വലിയ തോതിലുള്ള ജോലിഭാരമാണ് നൽകുന്നത്.
ഈ അമിത സമ്മർദ്ദത്തെക്കുറിച്ച് ഷിജി നേരത്തെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നു.
ഇന്ന് കോളേജ് പ്രിൻസിപ്പലിന് മൊബൈലിൽ സന്ദേശം അയച്ചതിന് പിന്നാലെ ഷിജിയെ കാണാതാവുകയായിരുന്നു.
സന്ദേശം കണ്ട് പരിഭ്രാന്തരായ സഹപ്രവർത്തകർ കോളേജിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് ബിഎൽഒമാരുടെ ജോലി സമ്മർദ്ദം വർദ്ധിച്ചുവരുന്നതിനിടെയുണ്ടായ ഈ മരണം ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കൃത്യമായ സംവിധാനങ്ങളോ സഹായമോ ഇല്ലാതെ ബിഎൽഒമാർക്ക് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്ന അധികൃതരുടെ നടപടിയാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് സഹപ്രവർത്തകർ ആരോപിച്ചു.
