തിരുവനന്തപുരം വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഗൃഹനാഥനും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചുവരുന്നു
