കോഴിക്കോട്: മോഷ്ടിച്ച ബുള്ളറ്റുമായി പോവുകയായിരുന്ന യുവാവ് അപകടത്തെ തുടർന്ന് പിടിയിലായി. കോഴിക്കോട് ബീച്ച് ഹോട്ടലിന് സമീപത്ത് നിന്നും ബുള്ളറ്റ് മോഷ്ടിച്ച പാലക്കാട് മേലേപട്ടാമ്പി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീഖ് (35) ആണ് ടൗൺ പോലീസിൻ്റെ പിടിയിലായത്.
ഇന്നലെ കോഴിക്കോട് ബീച്ച് ഹോട്ടലിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന എലത്തൂർ സ്വദേശിയായ അക്ഷയ് കുമാറിൻ്റെ ഉടമസ്ഥതയിൽ ഉള്ള കെ എൽ -11- ബി ടി -8663 നമ്പർ ബുള്ളറ്റ് മോട്ടോർ സൈക്കിൾ കാണാതാവുകയായിരുന്നു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ, പ്രതി മോഷണം നടത്തിയ ബുള്ളറ്റുമായി ചാലപ്പുറത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
പെട്ടന്ന് തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും, പോലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസ്സിലാകുകയും, പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ മിജോ ജോസ്, ആഷ്ടി ടൗറോ, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ശ്രീജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
