മെഴുകുതിരിയിൽ നിന്ന് തീപടർന്നു; വെങ്ങാനൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു, വയോധിക ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



​തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് വീട് പൂർണ്ണമായും കത്തിനശിച്ചു. 

ശനിയാഴ്ച രാവിലെ 8.10-ഓടെയുണ്ടായ അപകടത്തിൽ വീടിനുള്ളിൽ കുടുങ്ങിപ്പോയ വയോധിക ദമ്പതികളായ ശശിയും ഭാര്യ ചന്ദ്രകുമാരിയും അയൽവാസികളുടെ ഇടപെടലിലൂടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. 


ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം സുനിത ദേവിയുടെ ഉടമസ്ഥതയിലുള്ള ഷീറ്റ് മേഞ്ഞ വീടാണ് അപകടത്തിൽപ്പെട്ടത്.


​പ്രാർത്ഥനാ മുറിയിൽ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. 


മുറിയിലെ തുണികളിലേക്ക് ആളിപ്പടർന്ന തീ നിമിഷങ്ങൾക്കകം ഫർണിച്ചറുകളിലേക്കും വീടിന്റെ തടിയിൽ നിർമ്മിച്ച കഴുക്കോലുകളിലേക്കും വ്യാപിക്കുകയായിരുന്നു. പഴയ രീതിയിൽ തടി ഉപയോഗിച്ച് നിർമ്മിച്ച തട്ടും മേൽക്കൂരയുമായതിനാൽ തീ വളരെ വേഗത്തിലാണ് പടർന്നത്. 


വീടിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു.

​തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളായ ബിജുവും ശശിധരൻ നായരും ചേർന്ന് സാഹസികമായാണ് ദമ്പതികളെ വീടിന് പുറത്തെത്തിച്ചത്. 


തുടർന്ന് വിഴിഞ്ഞം എ.സി.ടി.ഒ. പ്രമോദിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. 


പിന്നീട് നെയ്യാറ്റിൻകരയിൽ നിന്നുള്ള അഗ്നിരക്ഷാ സേന കൂടി എത്തിയതോടെയാണ് തീ പൂർണ്ണമായും അണയ്ക്കാനായത്. 


രണ്ട് യൂണിറ്റുകൾ ചേർന്ന് രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ദൗത്യം പൂർത്തിയാക്കിയത്.

Post a Comment

Previous Post Next Post