മരംമുറിക്കുന്നതിനിടെ യന്ത്രം തട്ടി കാല്‍മുറിഞ്ഞ് താഴേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

 


താനാളൂര്‍ തവളാംകുന്നില്‍  മരം മുറിക്കുന്നതിനിടെ മരംമുറി യന്ത്രത്തിന്റെ ബ്ലേഡ് തട്ടി കാൽ മുറിഞ്ഞതിനെ തുടർന്ന് മരത്തിൽ നിന്ന് പിടിവിട്ട് താഴെ വീണ് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി കുഴിമണ്ണ ആക്കപ്പറമ്പ് സ്വദേശി ചെറുവത്ത് ചോല വീട്ടിൽ മമ്മദീസയ്ക്കാണ് താനാളൂർ തവളാംകുന്നിൽ അപകടത്തിൽ ജീവൻ നഷ്ടമായത്.

ബുധനാഴ്ച രാവിലെ അരീക്കാട് യുപി സ്കൂൾ പരിസരത്തായിരുന്നു അപകടം. മരംവെട്ട് തൊഴിലാളിയായ മമ്മദീസ അരീക്കാട് തവളാംകുന്നിലെ സതീശന്റെ പറമ്പിൽ മരം വെട്ടിന് കയറിയതായിരുന്നു. യന്ത്രം ഉപയോഗിച്ച് മരത്തിന്റെ മുകൾഭാഗം മുറിക്കുന്നതിനിടെ യന്ത്രം തെന്നിമാറുകയും കാലിൽ തട്ടി കാൽ അറ്റുതൂങ്ങുകയും ചെയ്തു. ഇതോടെ പിടിവിട്ട് മമ്മദീസ താഴേക്ക് പതിച്ചു. ഗുരുതര പരിക്കേറ്റ മമ്മദീസയെ നാട്ടുകാർ തലക്കടത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിഴിശ്ശേരി സ്വദേശിയായ മമ്മദീസ വർഷങ്ങളായി അരീക്കാട് തവളാംകുന്നിലാണ് താമസം. മരം മുറിക്കും മറ്റ് വിവിധ ജോലികൾക്കും പോയാണ് കുടുംബം പോറ്റിയിരുന്നത്. സക്കീനയാണ് ഭാര്യ. ഇവർക്ക്‌ മക്കളില്ല.

തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം താനാളൂരിൽ പൊതുദർശനത്തിന് വെച്ച ശേഷം കിഴിശ്ശേരിയിലേക്ക് കൊണ്ടുപോയി. തലക്കടത്തൂർ തലപ്പറമ്പ് കുതുബുസ്സമാൻ ജുമാമസ്ജിദിലെ മയ്യത്ത് നമസ്കാരത്തിന് ശേഷമാണ് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.

Post a Comment

Previous Post Next Post