ഷൊർണ്ണൂർ കുളപ്പുള്ളിയിൽ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽപ്പെട്ട് അപകടം,ബസിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി. വാടാനാംകുറുശ്ശി പറക്കുന്നുത്തു വീട്ടിൽ 50 കാരനായ സുനിലിനാണ് അതീവ ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സഞ്ജീവനീ ആശുപത്രിക്ക് സമീപത്തുള്ള വളവിൽ അപകടം സംഭവിക്കുന്നത്. പട്ടാമ്പിയിൽ നിന്നും ഷൊർണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം.
ബൈക്കിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുനിൽ ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ചക്രം സുനിലിന്റെ വയറിലൂടെ കയറിയിറങ്ങി ആന്തരിക അവയവങ്ങൾ പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. വളവിൽ ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കിൽ തട്ടിയതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തിൽ ഷൊർണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സുനിലിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇയാൾ. ബൈക്കോടിച്ചിരുന്ന വാടാനാംകുറുശ്ശി സ്വദേശിയായ ജിതിൻ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
