കോഴിക്കോട് ക്ഷേത്രക്കുളത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

 


കോഴിക്കോട് എലത്തൂർ:  ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മരണ വാർത്തയിൽ കണ്ണീരണിഞ്ഞ് നാട്. കോഴിക്കോട് എലത്തൂർ പുതിയാപ്പയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദനാണ് കഴിഞ്ഞ ദിവസം മരിച്ചത്. അച്ഛനും സഹോദരിക്കുമൊപ്പം പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്

രാവിലെ ഏഴോടെയായിരുന്നു സംഭവം. ശ്രീനന്ദന് നീന്തൽ അറിയാമായിരുന്നു. മകൾ പാർവതിയെ നീന്തൽ പഠിപ്പിക്കുന്ന ശ്രദ്ധയിലായിരുന്നു മനോജ്. ഇതിനിടെ തിരിഞ്ഞ് നോക്കിയപ്പോൾ ശ്രീനന്ദൻ താഴേക്ക് ആണ്ട് പോകുന്നതാണ് കണ്ടത്. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ കണ്ടെത്തി സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെളിയിൽ ആണ്ടുപോയതാണെന്നാണ് കരുതുന്നത്. പുതിയാപ്പ ഗവ. ഫിഷറീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദൻ.

Post a Comment

Previous Post Next Post