മലപ്പുറം :നിലമ്പൂർ: നിലമ്പൂർ മിനി ബൈപ്പാസ് റോഡിലെ ജ്യോതിപ്പടിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരാൾ മരിച്ചു. അകമ്പാടം ആറംകോട് സ്വദേശി മണി ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. തൃക്കൈക്കുത്ത്-കാഞ്ഞിരംപാടം-നിലമ്പൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ജ്യോതിപ്പടിയിൽ നിന്നും മിനി ബൈപ്പാസ് വഴി ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസ്സും, എതിർദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ ഉടനടി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മരണപ്പെട്ട മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
