തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കെഎസ്ആർടിസി എസി സ്ലീപ്പർ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബസിൻ്റെ മുൻഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. പുക പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ വണ്ടി റോഡരികിൽ ഒതുക്കി നിർത്തുകയും യാത്രക്കാരോട് വേഗത്തിൽ പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ സമീപത്തെ വീട്ടുകാരും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച് തീ പടരുന്നത് തടയാൻ ശ്രമിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു.
ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ ആർക്കും പരിക്കുകളില്ല. കെഎസ്ആർടിസി അടുത്തിടെ പുതുതായി നിരത്തിലിറക്കിയ പ്രീമിയം എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത് എന്നത് അധികൃതർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തീപിടുത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്താൻ കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം പരിശോധന നടത്തും
