തിരൂർ: അടിയന്തര ഘട്ടങ്ങളിൽ സമയത്തിന് നൽകുന്ന സഹായം ഒരു ജീവനോളം വിലയുള്ളതാണെന്ന് തെളിയിച്ച് ഒരു സ്വകാര്യ ബസ് ജീവനക്കാർ.
പരപ്പനങ്ങാടിയിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന 'ബ്രോസ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ്, യാത്രയ്ക്കിടെ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലെത്തിച്ച് മാതൃകയായത്.
കൊണ്ടോട്ടി സ്വദേശിയായ അബൂബക്കറിനാണ് (65) യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബസ് നടുവിലങ്ങാടി ഭാഗത്തെത്തിയപ്പോൾ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പരിഭ്രാന്തരായ സഹയാത്രികർക്കിടയിൽ നിന്ന് ബസ് കണ്ടക്ടർ ചമ്രവട്ടം സ്വദേശി സുജീഷും, ഡ്രൈവർ കാവഞ്ചേരി സ്വദേശി സന്തോഷും ഉടനടി ഇടപെട്ടു.
മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകുകയും, സമയം ഒട്ടും വൈകിക്കാതെ ബസ് നേരിട്ട് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റുകയുമായിരുന്നു.
ട്രാഫിക് തടസ്സങ്ങൾക്കിടയിലും ജീവനക്കാരുടെ മനസ്സാന്നിധ്യവും സമയോചിതമായ ഇടപെടലുമാണ് അബൂബക്കറിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ സഹായിച്ചത്.
നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
സ്വന്തം ജോലിത്തിരക്കുകൾക്കിടയിലും ഒരു മനുഷ്യജീവന് മുൻഗണന നൽകിയ ബസ് ജീവനക്കാരെയും അവരോടൊപ്പം നിന്ന സഹയാത്രികരെയും നാട്ടുകാരും ആശുപത്രി അധികൃതരും അഭിനന്ദിച്ചു
