മാനന്തവാടി: വയനാട് തേറ്റമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്കും ഏഴ് വയസ്സുകാരിക്കും പരിക്കേറ്റു. തേറ്റമല സ്വദേശിനി പൊട്ടക്കൽ മേരി (62), കേളോത്ത് നൗഫലിന്റെ മകൾ റിസ മെഹ്റിൻ (7) എന്നിവർക്കാണ് കടിയേറ്റത്.
ഞായറാഴ്ച വൈകുന്നേരത്തോടെ സ്വന്തം വീടിന്റെ പരിസരത്ത് നിൽക്കുമ്പോഴാണ് ഇരുവർക്കും നായയുടെ ആക്രമണം നേരിടേണ്ടി വന്നത്. പരിക്കേറ്റ മേരിയെയും റിസയെയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവിടെ ചികിത്സയിലാണ്.
മനുഷ്യർക്ക് പുറമെ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെയും നായ ആക്രമിച്ചിട്ടുണ്ട്. തേറ്റമലയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്നും, നടന്നുപോകാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
