മലപ്പുറം കൊണ്ടോട്ടി :കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കൊണ്ടോട്ടിക്കു സമീപം മുതുവല്ലൂർ വെട്ടുകാട് ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്.
ഒഡീഷ സ്വദേശികളായ സന്തോഷ് ബഡാട്യ (30), നരംസിംഹൻ പ്രധാൻ (35) എന്നിവരാണ് മരിച്ചത്. വെട്ടുകാട് പ്രവർത്തിക്കുന്ന മലബാർ ടെക് കോൺക്രീറ്റ് യൂണിറ്റിനകത്തെ കിണറ്റിലാണ് അപകടമുണ്ടായത്.
താമസസ്ഥലത്തിന് സമീപമുള്ള കിണറ്റിൽ ആട് വീണതറിഞ്ഞ് ഒരാൾ ആദ്യം കിണറ്റിലിറങ്ങുകയായിരുന്നു. ഇയാൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ടാമനും അപകടത്തിൽപ്പെട്ടു.
കിണറിനുള്ളിൽ ഓക്സിജന്റെ അളവ് കുറവായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
