​പയ്യോളിയിൽ ബൈക്കിടിച്ച് കാൽനടയാത്രികയായ പെൺകുട്ടിക്ക് പരിക്ക്



കോഴിക്കോട് ​   പയ്യോളി: പയ്യോളി - പേരാമ്പ്ര റോഡിൽ പോസ്റ്റ് ഓഫീസിന് സമീപം ബൈക്കിടിച്ച് കാൽനടയാത്രികയായ പെൺകുട്ടിക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം സംഭവിച്ചത്. കീഴൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.

​റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിച്ച ബുള്ളറ്റ്, തുടർന്ന് പാതയോരത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. നിയന്ത്രണം നഷ്ടമായ ബൈക്ക് മാജി ബേക്കറിക്ക് മുൻപിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സിമന്റ് ചെടിച്ചട്ടിക്കും ബൈക്കിനും ഇടയിൽ പെട്ടുപോയ പെൺകുട്ടിയുടെ കാലിനാണ് പരുക്കേറ്റത്. അപകടത്തിന്റെ ആഘാതത്തിൽ സിമന്റ് വീപ്പ തകർന്നു.

​അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് പെൺകുട്ടിയെ പയ്യോളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചത്. ബുള്ളറ്റ്, സ്കൂട്ടർ യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പയ്യോളി - പേരാമ്പ്ര റോഡിലെ ഇരുചക്ര വാഹനങ്ങളുടെ അമിതവേഗതയും മത്സരപ്പാച്ചിലുമാണ് നിരന്തരമുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശത്തെ വ്യാപാരികൾ ആരോപിച്ചു

Post a Comment

Previous Post Next Post