പാലക്കാട് മങ്കര: കുളപ്പുള്ളി പാലക്കാട് സംസ്ഥാന പാതയിൽ മങ്കര കണ്ണംമ്പരിയാരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. മാങ്കുറുശ്ശി അത്താണിപ്പറമ്പ് സ്വദേശിനി വിജയ (54) ആണ് മരിച്ചത്. തിങ്കൾ ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം. അമിത വേഗതയിൽ ഒറ്റപ്പാലം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാർ തട്ടുകടയുടെ മുൻപിൽ സ്കൂട്ടർ നിർത്തി ശീതളപാനീയം കുടിക്കുകയായിരുന്ന വിജയയെയും അവരുടെ വാഹനത്തെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ രണ്ട് വൈദ്യുതി തൂണുകളും തകർത്താണ് കാർ നിന്നത്. അപകടത്തിൽ വിജയയുടെ വലതു കാൽ അറ്റു. ഇടിയുടെ അഗാധത്തിൽ വിജയ സമീപത്തെ ചെറിയമൺകുഴിയിലേക്ക് തെറിച്ചു വീണു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മങ്കര പൊലീസും നാട്ടുകാരും ചേർന്ന് വിജയയയെ ആംബുലൻസിലും ഇവരുടെ വേർപെട്ട കാൽ മങ്കര പൊലീസിന്റെ വാഹനത്തിലും കയറ്റി പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും വൈകിട്ട് 4.30 ഓടെ വിജയ മരിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ ചോറോട്ടൂർ ധർമേഷിനെതിര മങ്കര പോലീസ് കേസെടുത്തു
