മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് അധ്യാപകരെ ഒരേസമയം നഷ്ടമായതിന്റെ നടുക്കത്തിൽ നിന്നും പാങ്ങ് ജി.എൽ.പി സ്കൂൾ പിച്ചവെച്ച് തുടങ്ങുന്നു. പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ വിയോഗം സൃഷ്ടിച്ച വലിയ ശൂന്യതയ്ക്ക് ആശ്വാസമായി വിദ്യാലയത്തിൽ പുതിയ അധ്യാപകർ ചുമതലയേറ്റു.
സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സർക്കാർ നാല് പുതിയ അധ്യാപകരെയാണ് നിയമിച്ചത്. കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് വിദ്യാലയത്തിലെ പുതിയ അധ്യാപകർ. പാങ്ങ് ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് ജി.എൽ.പി സ്‌കൂളിന്റെ അധിക ചുമതല കൂടി നൽകി. പുതിയതായി എത്തിയ അധ്യാപകരെ സ്വീകരിക്കാൻ രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും വിദ്യാലയത്തിൽ ഒത്തുചേർന്നു. നഷ്ടപ്പെട്ട അധ്യാപകരുടെ ഓർമ്മകൾ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചെങ്കിലും, കുട്ടികളുടെ ഭാവി മുൻനിർത്തി വിദ്യാലയത്തെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയത്തിലാണ് ഗ്രാമം.
വാൽപ്പാറയിലെ ആ കറുത്ത ദിനം പാങ്ങിലെ വിദ്യാഭ്യാസ മേഖലയ്ക്കും നാട്ടുകാർക്കും ഏൽപ്പിച്ച മുറിവ് ഉണങ്ങാൻ സമയമെടുക്കുമെങ്കിലും, പുതിയ അധ്യാപകരുടെ വരവ് വിദ്യാലയത്തിന് പുതിയ പ്രത്യാശ നൽകുകയാണ്.