ഭോപ്പാല്‍: മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ ഗിഞ്ച്‌റി ഗ്രാമത്തില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് ആറു പേര്‍ മരിച്ചു. 39പേര്‍ക്ക് പരിക്കേറ്റു. മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്പത് പേരുമായി പടനിയ ഗ്രാമത്തില്‍ നിന്നും ബിജോറ ഗ്രാമത്തിലേക്ക് യാത്ര ചെയ്ത ട്രാക്ടര്‍ ട്രോളിയാണ് മറിഞ്ഞത്.
പ്രദേശത്തെ ഒരു ശനിദേവ ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോള്‍ ട്രാക്ടര്‍ ട്രോളി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ അതിനടിയില്‍ അകപ്പെട്ടു. സംഭവം നടന്നയുടന്‍ തന്നെ പൊലീസ് സ്ഥലത്തത്തി നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ പാലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം മുഖ്യമന്ത്രി മോഹന്‍ യാദവ് അപകടത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
