ഷൊർണ്ണൂർ കാരയ്ക്കാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം തെങ്ങിൽ ഇടിച്ച് അപകടം. കാറോടിച്ചിരുന്ന യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാരയ്ക്കാട് കമ്പനിപ്പടിയിൽ വെച്ച് ഇന്ന് വൈകീട്ട് മൂന്നേമുക്കാലോടുകൂടിയാണ് അപകടമുണ്ടായത്. കാരയ്ക്കാട് സ്വദേശിയായ 29 വയസ്സുകാരൻ ഗോപകുമാറാണ് മരിച്ചത്.
പട്ടാമ്പിയിൽ നിന്നും ഷൊർണ്ണൂർ പൊതുവാൾ ജംഗ്ഷൻ വഴി കവളപ്പാറ റോഡിലൂടെ കാരയ്ക്കാട് ഭാഗത്തേക്ക് വരുന്നതിനിടയാണ് അപകടം. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം ശങ്കർ, സുധീഷ് എന്നിവർക്ക് പരിക്കേറ്റു. ഷൊർണ്ണൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ച ശേഷമാണ് പുറത്തെടുത്തത്. പരിക്കേറ്റവർ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
