പുതുപ്പാടി: മദ്യപിച്ചെത്തിയ ഭർത്താവുമായുണ്ടായ വഴക്കിനെത്തുടർന്ന് യുവതിക്ക് വെട്ടേറ്റു. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി കോളനിയിലെ ഷിജി (39) വിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ബിജു, ഷിജിയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വാക്കത്തിയെടുത്ത് തലയ്ക്ക് വെട്ടുകയുമായിരുന്നു. പരിക്കേറ്റ ഷിജിയെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
