പുത്തനത്താണിയില്‍ ബൈക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; അപകടം ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകവെ
ബൈക്ക് അപകടത്തിൽ ബംഗളൂരു സ്വദേശിനിയായ യുവതി മരിച്ചു
ബംഗളൂരുവിൽ നിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി മലപ്പുറം പുത്തനത്താണിയിൽ ഉണ്ടായ അപകടത്തിൽ മരിച്ചു. ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി ദഫീനി ഫാത്തിമ (20) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ പുതിയ ദേശീയപാതയിൽ പുത്തനത്താണിക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കർണാടക രജിസ്ട്രേഷൻ ബൈക്ക് നിയന്ത്രണം വിട്ട് സുരക്ഷാഭിത്തിയിൽ ഇടിക്കുകയായിരുന്നു.തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായത്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദഫീനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആൽബിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ദഫീനി ബംഗളൂരുവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.തിങ്കളാഴ്ച വൈകിട്ടാണ് ഇവർ ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.കൽപകഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം ബംഗളൂരുവിലേക്ക് കൊണ്ടുപോയി.
