കണ്ണൂർ: കക്കാട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചക്കരക്കൽ മുതുകുറ്റി സ്വദേശി രാഗേഷ് (51) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കക്കാട് യത്തീംഖാനയ്ക്ക് സമീപമായിരുന്നു അപകടം. കിണറിനുള്ളിൽ പണി എടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വലിയ തോതിൽ മണ്ണ് വീണത് തടസ്സമായി.
വിവരമറിഞ്ഞെത്തിയ കണ്ണൂർ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
