കോഴിക്കോട്: തിരുവമ്പാടി - കൂടരഞ്ഞി റോഡിലെ കക്കുണ്ട് തോട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുകയായിരുന്ന കക്കാടംപൊയിൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്നലെ വൈകിട്ടോടെ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരിൽ ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
റോഡിനോട് ചേർന്നാണ് അപകടം നടന്ന തോട് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപ് ഒരു ബസ് നിയന്ത്രണം വിട്ട് ഈ തോട്ടിലേക്ക് മറിഞ്ഞിരുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഒരു കാർ തോട്ടിൽ പതിച്ച് അപകടമുണ്ടായി.
റോഡിന്റെ ഈ അപകടമേഖലയിൽ സംരക്ഷണ ഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ല.
കഴിഞ്ഞ വർഷമാണ് തിരുവമ്പാടി - കൂടരഞ്ഞി റോഡ് പൊതുമരാമത്ത് വകുപ്പ് 3.30 കോടി രൂപ മുടക്കി നവീകരിച്ച് ഉദ്ഘാടനം ചെയ്തത്. റോഡ് വികസന സമയത്തും ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 'ഫണ്ടില്ല' എന്ന സാങ്കേതിക കാരണം പറഞ്ഞ് അധികൃതർ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.
തുടർച്ചയായുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ, ഇനിയെങ്കിലും അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്നും ഈ ഭാഗത്ത് എത്രയും വേഗം സംരക്ഷണഭിത്തി നിർമിച്ച് യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
⊶⊷⊶⊷❍❍⊶⊷⊶⊷
*കോഴിക്കോട് ജില്ലയിലെ ഗവണ്മെന്റ് ആശുപത്രിയിലെ ഓപി വിവരങ്ങളും ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/DZLq4AaKkgc2BwYmGjwnqH
