കാക്കനാട്ട് സൈക്കിളിൽ നിന്ന് വീണ് 12 കാരി മരിച്ചു… അപകടസ്ഥലത്ത് പോലീസ് പരിശോധന

 


കൊച്ചി: എറണാകുളം കാക്കനാട് മാവേലിപുരത്ത് പന്ത്രണ്ടുകാരി സൈക്കിളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. അപകടം നടന്ന റോഡിന്റെ സംരക്ഷണഭിത്തിയുടെ ഉയരക്കുറവും മറ്റ് സുരക്ഷാ വീഴ്ചകളും പോലീസ് സംഘം വിലയിരുത്തി. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാവേലിപുരം സ്വദേശിനിയായ റിഹാന കാതറിൻ (12) സൈക്കിൾ ചവിട്ടുന്നതിനിടെ കൈവരിയില്ലാത്ത റോഡിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്.


അപകടത്തിന് പിന്നാലെ ഫ്ലാറ്റ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി വാർഡ് കൗൺസിലർ ആയിഷ രംഗത്തെത്തി. അപകടമുണ്ടായ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിൽ നിന്ന് ഫ്ലാറ്റുടമകൾ ഒഴിഞ്ഞുമാറിയെന്നാണ് കൗൺസിലറുടെ ആക്ഷേപം. മുൻപ് ഇതിനായി എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും തുക കൂടുതലാണെന്ന് പറഞ്ഞ് ഫ്ലാറ്റ് ഉടമകൾ പിന്മാറുകയായിരുന്നു. തുടർന്ന് അപകടങ്ങൾ ഒഴിവാക്കാൻ മുൻസിപ്പാലിറ്റി സ്വമേധയാ നിർമ്മാണം ഏറ്റെടുക്കുകയും തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ മഴ കനത്തതിനാലാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം നേരിട്ടതെന്നും കൗൺസിലർ വ്യക്തമാക്കി.


സൈക്കിളിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച റിഹാനയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് അന്തരിച്ച റിഹാന. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, സുരക്ഷാ വീഴ്ചകളിൽ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post