​താമരശ്ശേരിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നെറ്റിയിൽ മുറിവ്, മരണത്തിൽ ദുരൂഹത



കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പുതുപ്പാടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി മലപുറം പെരിങ്കൊല്ലൻകുന്ന് സ്വദേശിയും മരപ്പണിക്കാരനുമായ സുധാകരൻ (56) ആണ് മരിച്ചത്. വീടിന്റെ ഡൈനിങ് ഹാളിലെ കസേരയിലാണ് മൃതദേഹം കാണപ്പെട്ടത്.


സുധാകരന്റെ നെറ്റിയിൽ മുറിവേറ്റ പാടുണ്ട്. മരണത്തിൽ അസ്വഭാവികതയുള്ളതിനാൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ സയന്റിഫിക് ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി.


രാവിലെ സുഹൃത്ത് വീട്ടിലെത്തുമ്പോൾ വീടിന്റെ മുൻഭാഗത്തെ വാതിൽ പൂട്ടിയിരുന്നില്ല. തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് സുധാകരനെ കസേരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


വെള്ളിയാഴ്ച രാത്രി സുധാകരൻ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രി 9.30 ഓടെ ഇദ്ദേഹം വീടിന്റെ വരാന്തയിൽ ഇരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു.


വാറണ്ട് കേസിൽപ്പെട്ട ഒരു സുഹൃത്തിനെ ജാമ്യത്തിലിറക്കാൻ ശനിയാഴ്ച രാവിലെ കോടതിയിൽ പോകാമെന്ന് സുധാകരൻ ഏറ്റിരുന്നതായും പറയപ്പെടുന്നു.


സുധാകരൻ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും ഒരു മകനും ഈങ്ങാപ്പുഴക്ക് സമീപം വാടകയ്ക്കാണ് താമസിക്കുന്നത്. മറ്റൊരു മകൻ വിദേശത്താണ്. ഭാര്യ പകൽ സമയങ്ങളിൽ ഈ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്ന് സമീപവാസികൾ പോലീസിനോട് പറഞ്ഞു.


മരണത്തിൽ പരക്കെ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. സുധാകരനൊപ്പം അവസാനമായി ഉണ്ടായിരുന്ന സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post