മാങ്ങ പറിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു



​മലപ്പുറം: വീടിന്റെ ടെറസിന് മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണ് കഴുത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറിയ വിദ്യാർത്ഥി മരണപ്പെട്ടു. മലപ്പുറം സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകനും, പുളിക്കൽ എ.എം.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് മാസിൻ (16) ആണ് മരിച്ചത്.

​കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ടെറസിൽ നിന്ന് താഴെയുള്ള ഗേറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗേറ്റിന്റെ ഇരുമ്പ് കമ്പി മാസിന്റെ കഴുത്തിൽ ആഴത്തിൽ തുളച്ചുകയറി. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​കഴുത്തിൽ തുളച്ചുകയറിയ കമ്പിയുമായി അവശനായ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ, കമ്പി മുറിച്ചുമാറ്റാതെ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ, കമ്പിയുടെ കഴുത്തിനോട് ചേർന്ന ഭാഗം കട്ടർ ഉപയോഗിച്ച് വളരെ ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

​മയ്യിത്ത് നമസ്കാരവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post