വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ചു; മരണത്തിന് പിന്നിൽ ഭർത്താവിൻ്റെ മാനസിക പീഡനമെന്ന് മകളുടെ പരാതി



കോഴിക്കോട്: താമരശ്ശേരി കാരാടിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ചു. കാരാടിപറമ്പത്ത് ഗോപാലൻ (74) ആണ് അന്തരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് മകളുടെ ഭർത്താവ് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മകൾ ദിവ്യ ആരോപിച്ചു.


സുഹൃത്തിനോട് മനോവിഷമം പങ്കുവെക്കാൻ എത്തിയപ്പോഴാണ് ഗോപാലൻ റോഡിൽ കുഴഞ്ഞുവീണത്. മകളുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് മരുമകൻ തന്നെ പിടിച്ചു പുറത്താക്കുകയും കടയിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിക്കുകയും ചെയ്തിരുന്നുവെന്ന് മകൾ പറയുന്നു. ഇതിനുശേഷം സുഹൃത്തിൻ്റെ അടുത്തേക്ക് പോയതായിരുന്നു അദ്ദേഹം.


തനിക്കും മക്കൾക്കും നേരെ ഭർത്താവ് നിരന്തരം പീഡനങ്ങൾ അഴിച്ചുവിടാറുണ്ടെന്നും, മകളെയും പേരക്കുട്ടികളെയും അച്ഛൻ സഹായിക്കുന്നതിലുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും മകൾ ദിവ്യ ആരോപിച്ചു. ഇന്നലെ രാത്രിയിലും വാടക വീട്ടിലെത്തി ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. പുലർച്ചെ അഞ്ച് മണി വരെ പോലീസ് സംരക്ഷണത്തിലാണ് താൻ കഴിഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി.


കുഴഞ്ഞുവീണ ഉടനെ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​സംഭവത്തിൽ മകൾ ദിവ്യ താമരശ്ശേരി പോലീസിൽ പരാതി നൽകി. ശാന്തയാണ് മരിച്ച ഗോപാലന്റെ ഭാര്യ.

Post a Comment

Previous Post Next Post