സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ചു: ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു

 




കണ്ണൂർ: ചെറുതാഴത്ത് സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടത്തിൽപ്പെട്ട സംഭവത്തിൽ ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരണപ്പെട്ടു. പരിയാരം മുടിക്കാനം കുണ്ടപ്പാറ സ്വദേശി ഇടച്ചേരിയൻ തോമസ് (62) ആണ് മരിച്ചത്.


കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ചെറുതാഴം മേലതിയടത്താണ് അപകടം നടന്നത്. സ്കൂട്ടറിൽ ഏമ്പേറ്റ് വഴി മാട്ടൂലിലേക്ക് യാത്ര ചെയ്യുകയായിരുന്ന തോമസും മകൻ ജിനുവും (31) സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് റോഡിന്റെ വശത്തുള്ള കുറ്റിക്കാട്ടിൽ നിന്നും പെട്ടെന്ന് കാട്ടുപന്നി ഓടിവന്ന് ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ തോമസിന് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അദ്ദേഹം മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മകൻ ജിനുവിന്റെ തോളെല്ലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്.

​സംഭവത്തിൽ പരിയാരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്

Post a Comment

Previous Post Next Post