കോതമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് കന്യാസ്ത്രീക്ക് ദാരുണാന്ത്യം. കോഴിപ്പിള്ളി എസ്.ഡി കോൺവെന്റിലെ അംഗവും റിട്ടയേർഡ് അധ്യാപികയുമായ സിസ്റ്റർ ഹെയ്സ് ലെറ്റ് (56) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച കോഴിപ്പിള്ളി ഗവ. എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. കോതമംഗലം ഭാഗത്തുനിന്നും വന്ന സ്വകാര്യ ബസ് അമിതവേഗതയിൽ വളവ് വീശി എടുത്തപ്പോൾ സിസ്റ്റർ ഹെയ്സ് ലെറ്റ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. നിരവധിയാത്രക്കാരുണ്ടായിരുന്ന ബസിന്റെ വാതിൽ തുറന്നിട്ടിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.