പാലക്കാട് പട്ടാമ്പി: ഓങ്ങല്ലൂർ പോക്കുപടിയിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മാട്ടുമ്മൽ താഴത്തേതിൽ ഉസ്മാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പോക്കുപടി പള്ളിക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്.
പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന ഉസ്മാനെ പിന്നാലെ എത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ വേഗത്തിൽ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഉസ്മാനെ നാട്ടുകാർ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
