കൊണ്ടോട്ടി: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടിയിരുപ്പ് സൗത്ത് ഇരട്ടത്തോട് സ്വദേശി കെ. മണി (37) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. മണി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കാരേരൻ കാരിക്കുട്ടിയുടെയും ശ്രീവള്ളിയുടെയും മകനാണ് പരേതൻ. മനുരാജ് സഹോദരനാണ്.