ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വൈകിട്ട് തുറക്കും; പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം



 ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 31) വൈകിട്ട് 6 മുതൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.


നിലവിൽ ഡാമിലെ ജലനിരപ്പ് 455.20 മീറ്ററാണ്. പരമാവധി സംഭരണശേഷി 456.60 മീറ്ററാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ആവശ്യാനുസരണം ഷട്ടറുകൾ ഉയർത്തി പരമാവധി 500 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് അനുമതി നൽകിയിരിക്കുന്നത്.

ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതോടെ മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു.


അടിയന്തര സാഹചര്യം നേരിടുന്നതിനായി പൊലിസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.


Post a Comment

Previous Post Next Post