കോട്ടയത്ത് ശക്തമായ മഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു



കോട്ടയം: ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. അറുമാനൂർ സ്വദേശിയായ ജിൻ്റോ മാത്യു (43) ആണ് ദാരുണമായി മരണപ്പെട്ടത്. അറുമാനൂർ മൂഴിക്കടവിൽ നിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെത്താനായത്.


 ശക്തമായ ഒഴുക്കിൽപെട്ടതിനെ തുടർന്ന് കാണാതായ ഇദ്ദേഹത്തിനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കടവ് ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി അധികൃതർ.



നിലവിൽ 10 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുന്നുണ്ട്. വരുന്ന നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.



നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ 10 ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും യെല്ലോ അലർട്ട് തുടരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post